English| മലയാളം

ചരിത്രം

സാമൂഹ്യ-സാംസ്കാരിക ചരിത്രം
മലപ്പുറം ജില്ലയുടെ ഹൃദയമായ മഞ്ചേരി പട്ടണം മലബാറില്‍ നടന്നിട്ടുള്ള ഒട്ടനവധി വീരേതിഹാസ ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പട്ടണമാണ്. രാജഭരണകാലത്ത് സാമൂതിരിയുടെ രാജ്യത്തിന്റെ കിഴക്കു ഭാഗത്തെ തന്ത്രപ്രധാനമായ കേന്ദ്രമായിരുന്നു മഞ്ചേരി. 18-ാം നൂറ്റാണ്ടില്‍ മൈസൂര്‍ രാജാക്കന്മാരായ ഹൈദരാലിയുടെയും, ടിപ്പുവിന്റെയും പടയോട്ട കാലത്ത് അവരുടെ സൈനിക കേന്ദ്രമായിരിക്കാനും മഞ്ചേരിക്കു നിയോഗമുണ്ടായി. മൈസൂര്‍ രാജാവായ ടിപ്പുവിനെ 1792-ല്‍ ബ്രിട്ടീഷുകാര്‍ തോല്‍പ്പിച്ചതോടുകൂടി മഞ്ചേരി ഉള്‍പ്പെട്ട മലബാര്‍ ബ്രിട്ടീഷ് ആധിപത്യത്തിന്‍ കീഴിലായി. ബ്രിട്ടീഷുകാരെ കൂടാതെ ഇവിടെ ഡച്ച് - പോര്‍ച്ചുഗീസ് - ഫ്രഞ്ച് സാമ്രാജ്യ ശക്തികളും കടന്നുകയറ്റം നടത്തിയിട്ടുണ്ട്. മലബാര്‍ കീഴടക്കിയ ടിപ്പുസുല്‍ത്താന്‍ ഇവിടെ ഭൂപരിഷ്ക്കരണ നിയമങ്ങള്‍ നടപ്പിലാക്കിയിരുന്നു. എന്നാല്‍ ബ്രിട്ടീഷ് ഭരണം നിലവില്‍ വന്നപ്പോള്‍ ജന്മി-നാടുവാഴിത്തം പുനഃസ്ഥാപിച്ചു. ബ്രിട്ടീഷ് ഭരണത്തിന്റെയും ജന്മി-നാടുവാഴിത്തത്തിന്റേയും കരാളഹസ്തങ്ങളില്‍ പെട്ട് സഹികെട്ട മലബാറിലെ ജനത ഒറ്റക്കെട്ടായി നിന്ന് തിരിച്ചടിച്ച ചരിത്രപ്രസിദ്ധമായ 1921-ലെ വിപ്ലവത്തിന്റെ സിരാകേന്ദ്രവും മഞ്ചേരിയായിരുന്നു. ഇതിന് നേതൃത്വം കൊടുത്തത് ആലി മുസ്ല്യാരും, വാരിയംകുന്നത്ത് കുഞ്ഞുമുഹമ്മദു ഹാജിയുമായിരുന്നു. കുടിയാന്മ വ്യവസ്ഥ മാറ്റികിട്ടുവാന്‍ 1896-ല്‍ മഞ്ചേരിയില്‍ കൂടിയ വമ്പിച്ച ഒരു പൊതുയോഗം ഇതുസംബന്ധിച്ചുള്ള ഒരു നിവേദനം മദ്രാസ് ഗവര്‍ണര്‍ക്കു നല്‍കിയിരുന്നു. 1920 ഏപ്രില്‍ മാസത്തില്‍ മഞ്ചേരിയില്‍ കൂടിയ മലബാര്‍ ജില്ലാ കോണ്‍ഗ്രസ് സമ്മേളനം സ്വാതന്ത്ര്യസമര ചരിത്രത്തിലെ സുപ്രധാന നാഴികക്കല്ലായിരുന്നു. കുടിയാന്മ നിയമപരിഷ്കരണം ആയിരുന്നു പ്രസ്തുത സമ്മേളനത്തിലെയും പ്രധാന വിഷയം. മലബാറിലെ ഒട്ടുമിക്ക മത-സാമൂഹ്യ രാഷ്ട്രീയ സംഘനടകളുടെയും നിരന്തരമായ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ഗൂഢോദ്ദേശ്യത്തോടെ യാതൊരു പരിഹാര നടപടികള്‍ക്കും മുതിരാതിരുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ അണപൊട്ടിയ രോഷപ്രകടനമായിരുന്നു 1921-ലെ മലബാര്‍ കലാപം. ഇതിനെതുടര്‍ന്ന് 6 മാസക്കാലം ഏറനാട്, വള്ളുവനാട് താലൂക്കുകളില്‍ ബ്രിട്ടീഷ് ഭരണം നിഷ്ക്കാസനം ചെയ്തുകൊണ്ട് തല്‍സ്ഥാനത്ത് വാരിയം കുന്നത്ത് കുഞ്ഞഹമ്മദാജിയുടെ ഭരണം സ്ഥാപിക്കപ്പെടുകയും ചെയ്തു. മഞ്ചേരി പോലീസ് സ്റ്റേഷന്‍ ആക്രമിച്ച ഖിലാഫത്ത് പോരാളികള്‍ ആയുധങ്ങള്‍ കൈവശപ്പെടുത്തിയതും, കച്ചേരിപ്പടിയിലെ സര്‍ക്കാര്‍ ഖജനാവ് പൊളിച്ച് പണം ദരിദ്രര്‍ക്ക് വിതരണം ചെയ്തതും, മഞ്ചേരി നായര്‍ ബാങ്ക് പൊളിച്ച്, അമിത പലിശകാരണം കടക്കെണിയിലകപ്പെട്ട എല്ലാ വിഭാഗം ആളുകളുടെയും പണ്ടങ്ങളും, ആധാരങ്ങളും മടക്കിക്കൊടുത്തതും, പ്രോമിസറി നോട്ടുകള്‍ കീറിക്കളഞ്ഞതും കലാപവുമായി ബന്ധപ്പെട്ട് അക്കാലത്ത് മഞ്ചേരിയില്‍ നടന്ന സുപ്രധാന സംഭവങ്ങളായിരുന്നു. ജന്മിത്വത്തില്‍ നിന്നും ബ്രിട്ടീഷ് മേല്‍ക്കോയ്മയില്‍ നിന്നുമുള്ള മോചനം നേടിയെടുക്കുന്നതിനു വേണ്ടി മഞ്ചേരിക്ക് കനത്തവില നല്‍കേണ്ടി വന്നു. ആയിരക്കണക്കിനാളുകള്‍ കൊല്ലപ്പെട്ടു. അതിലധികം പേര്‍ നാടുകടത്തപ്പെട്ടു. നിരവധിപേര്‍ ജയിലറകളിലായി. സമരത്തിന് നേതൃത്വം നല്‍കിയെന്ന കാരണത്താല്‍ തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ആലിമുസ്ല്യാര്‍ കോയമ്പത്തൂര്‍ ജയിലില്‍ വെച്ച് മരണപ്പെട്ടു. എറാള്‍നാടാണ് ഏറനാട് ആയതെന്നും അതല്ലാ, ഏറെ നല്ല നാടാണ് ഏറനാട് ആയതെന്നും വ്യത്യസ്താഭിപ്രായങ്ങള്‍ കേള്‍ക്കുന്നുണ്ട്. ഏറനാടിന്റെ ഹൃദയഭാഗമാണ് മഞ്ചേരി നഗരം. ഉയര്‍ന്ന സാംസ്കാരിക ബോധവും കറകളഞ്ഞ മതസൌഹാര്‍ദ്ദവും ഇന്നാട്ടുകാരുടെ സവിശേഷതയാണ്. അനീതിക്കും അക്രമത്തിനും എതിരെ അടിയുറച്ചു നിന്നു പോരാടിയ അനവധി ധീരാത്മാക്കളുടെ ധന്യസ്മരണകള്‍ ഈ നാടിനെ സമ്പന്നമാക്കുന്നു. വിദേശ വാഴ്ചക്കെതിരായി ആഞ്ഞടിച്ച ദേശീയ ബോധത്തിന്റെ തീക്കാറ്റ് ഈ പ്രദേശത്തെ ഏറെ ജ്വലിപ്പിച്ചിട്ടുണ്ട്. കുടിലും കൊട്ടാരവും തോളോടുതോള്‍ ചേര്‍ന്നുനിന്ന് ദേശഭേദങ്ങള്‍ക്കും ജാതിമതങ്ങള്‍ക്കും അതീതമായി ദേശീയ പ്രസ്ഥാനത്തില്‍ അണിനിരക്കുകയും പരസ്പര സാഹോദര്യം പരിരക്ഷിക്കുകയും ചെയ്തിട്ടുണ്ട്. അതിപുരാതനകാലത്തു തന്നെ മനുഷ്യര്‍ ഇവിടെ വാസമുറപ്പിച്ചിരുന്നുവെന്ന് ഇവിടെ നിന്ന് ലഭിച്ച ചരിത്രസാമഗ്രികള്‍ സൂചന നല്‍കുന്നു. ശിലായുഗ മനുഷ്യന്‍ ശവം അടക്കംചെയ്യാന്‍ ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന തൊപ്പിക്കല്ല്, പട്ടര്‍കുളം പ്രദേശത്തുനിന്നും കണ്ടെടുത്തിട്ടുണ്ട്. മഞ്ചേരി, നറുകര വില്ലേജുകളിലെ ചെങ്കല്‍ അറകള്‍ , ഗുഹകള്‍ എന്നിവയും ചരിത്രാതീതകാലം മുതലേയുള്ളതാണെന്ന് കരുതപ്പെടുന്നു. ഏഴു നൂറ്റാണ്ടുകള്‍ക്കു മുമ്പ് നിര്‍മ്മിച്ച പയ്യനാട്ടെ പള്ളി, എ.ഡി 1652-ല്‍ സാമൂതിരി രാജാവ് നിര്‍മ്മിച്ച മഞ്ചേരി കോവിലകം വക കുന്നത്ത് അമ്പലം, 1847-ല്‍ നിര്‍മ്മിച്ച മേലാക്കാംപള്ളി തുടങ്ങിയവയാണ് ഈ പ്രദേശത്തെ പ്രധാന ആരാധനാലയങ്ങള്‍ . ക്രിസ്ത്യന്‍ പള്ളികളില്‍ ഏറ്റവും പഴക്കം ചെന്നത് സി.എസ്.ഐ പള്ളികളാണ്. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് മഞ്ചേരി ആഴ്ച ചന്ത. 1895-ല്‍ സ്ഥാപിതമായ പേട്ട ലോവര്‍ പ്രൈമറി സ്കൂള്‍ ആണ് ഇവിടത്തെ പ്രഥമ ഔപചാരിക വിദ്യാലയം.